കൊച്ചി: അഡ്വ സിപി ഉദയഭാനുവിന്‍റെ മുന്‍കൂർ ജാമ്യം തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിലെ പരാർമശത്തിനെതിരെ ജസ്റ്റീസ് പി ഉബൈദിന്‍റെ വിമർശനം. ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ നിലപാട് ജ്യുഡീഷ്യൽ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഇത് താൻ കണക്കിലെടുക്കില്ലെന്നും ജസ്റ്റിസ് പി. ഉബൈദ് തുറന്ന കോടതിയിൽ പറഞ്ഞു. ഉദയഭാനുവിന്‍റെ അറസ്റ്റ് തടഞ്ഞ ജസ്റ്റീസ് പി ഉബൈദ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് ഹർജി ജസ്റ്റീസ് ഹരിപ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്‍റെ അറസ്റ്റ് തടഞ്ഞ ജസ്റ്റിസ് ഉബൈദിന്‍റെ ഇടക്കാല ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതിയിലെ തന്നെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഹരിപ്രസാദ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് നിലപാട് വ്യക്തമാക്കി ജസ്റ്റിസ് പി.ഉബൈദ് സിറ്റിങ്ങിനിടെ ഹൈക്കോടതിയിലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. ഹൈക്കോടതിയില്‍ എല്ലാ ജഡ്ജിമാരും സമന്മാരാണെന്നുംതന്‍റെ ഉത്തരവിനെ വിമര്‍ശിക്കാന്‍ ഡിവിഷന്‍ ബഞ്ചിനും സുപ്രീം കോടതിയ്ക്കും മാത്രമേ അധികാരമുള്ളൂ എന്നും ഉബൈദ് പറഞ്ഞു. ജസ്റ്റിസ് ഹരിപ്രസാദിന്‍റെ പരാമര്‍ശം താന്‍ കണക്കിലെടുക്കുന്നില്ല. അത് തനിക്ക് ബാധകമല്ല. തന്‍റെ ഉത്തരവ് തെറ്റാണ് എന്ന് മറ്റൊരു സിങ്കിള്‍ ബഞ്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ജ്യുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്തതാണ്.
ഉത്തരവില്‍ വിയോജിപ്പുണ്ടെങ്കില്‍ മേല്ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കത്തയക്കുകയല്ല. കൊല്ലപ്പെട്ട് രാജീവിന്‍റെ കുടുംബം ജസ്റ്റിസ് ഉബൈദിന്‍റെ ഉത്തരവിനെതിരെ സുപ്രീം കോടതിയ്ക്ക് കത്തയച്ചതിനെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. പൊലീസ് അന്വേഷണത്തില്‍ നിയമം ദുരുപയോഗം ചെയ്താല്‍ കോടതിയ്ക്ക് ഇടപെടാം. അഡ്വ. ഉദയഭാനു ഉള്‍പ്പെട്ട കേസില്‍ അറസ്റ്റ് താത്കാലികമായി തടഞ്ഞത് ഇക്കാര്യം കൂടി പരിഗണിച്ചാണെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു. രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്‍റെ അറസ്റ്റ് തടഞ്ഞ് ജസ്റ്റിസ് പി. ഉബൈദ് ഇറക്കിയ ഇടക്കാല ഉത്തരവ് മൂലം അന്വേഷണം തടസ്സപ്പെട്ടതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ഹരിപ്രസാദ് മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കുകയും ചെയ്തത്.
