അതേസമയം ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭൂമിയുടെ ആദ്യ അവകാശികളായ തിരുകൊച്ചി സര്‍ക്കാറിലെ മുന്‍മന്ത്രി പിഎസ് നടരാജപിള്ളയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഏതോ പിള്ളയുടെ ഭൂമി കൈമാറിയത് അന്വേഷിക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും നടരാജപിള്ളയുടെ മകന്‍ വെങ്കിടേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടരാജപിള്ളക്ക് പൈതൃകസ്വത്തായി കിട്ടിയ ഭൂമി സര്‍ സിപി ബലംപ്രയോഗിച്ച് സര്‍ക്കാറിലേക്ക് ഏറ്റെടുത്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആ ഭൂമിയിലാണ് ലോ അക്കാദമി സ്ഥിതി ചെയ്യുന്നത് . 1954ല്‍ പട്ടംതാണുപിള്ള ഭൂമി തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും ആവശ്യം പിള്ള നിരസിച്ചു. പിള്ളയുടെ മരണശേഷമാണ് സര്‍ക്കാര്‍ 67ല്‍ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഭൂമി അക്കാദമി ഡയറക്ടര്‍ നാരായണന്‍നായര്‍ക്ക് കൈമാറിയത്.

ലോ അക്കാമദി സമരം ശക്തമാകുന്നതിന് മുമ്പ് തന്നെ ഭൂമി ഏറ്റെടുക്കണമെന്ന നടരാജപിള്ളയുടെ ബന്ധുക്കള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. 
ഭൂമിയെ കുറിച്ച് റവന്യുവകുപ്പിന്റെ അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ കൈമാറും. ഭൂമി തങ്ങള്‍ക്ക് വേണ്ട, പക്ഷെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നടരാജപിള്ളയുടെ മകന്‍ പറയുന്നത്. സര്‍ക്കാര്‍ നടപടി വൈകിയാല്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.