തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കാക്കിയിട്ടില്ലെന്ന് വിജിലന്‍സ്. ബാബുവിനെതിരെ തെളിവുണ്ടെന്നും പുതിയ വിശദീകരണം തൃപ്തികരമല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മൊഴി വീണ്ടുമെടുക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. അനധികൃത സ്വത്തില്ലെന്ന വാദം സാധൂകരിക്കുന്ന തെളിവുകള്‍ ബാബുവിന് കൈമാറാനായില്ലെന്നാണ് വിജിലന്‍സ് സംഘത്തിന്‍റെ കണ്ടെത്തല്‍. 

മന്ത്രിയും എംഎല്‍എയുമായിരുന്ന കാലത്തെ ടിഎയും ഡിഎയും മകളുടെ വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളും വരുമാനമായി കണക്കാക്കണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. ഭാര്യ വീട്ടില്‍ നിന്ന് ലഭിച്ച സ്വത്തും വരവില്‍ കാണിക്കണമെന്ന് വിജിലന്‍സിന് മുന്നില്‍ ബാബു ആവശ്യം വച്ചു. 

ടിഎയുടെയും ഡിഎയുടെയും കാര്യങ്ങള്‍ വിജിലന്‍സ് ഭാഗികമായി അംഗീകരിച്ചെങ്കിലും മറ്റ് അവകാശവാദങ്ങള്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തല്‍ നിലനില്‍ക്കുമെന്നാണ് നിഗമനം. പത്തുദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

രണ്ട് മാസത്തിനകം കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം അവസാനിക്കുമെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. 

ബിനാമിയെന്ന് ആരോപണമുള്ള ബാബുറാമിനെ ബാബുവുമായി ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബാബുറാമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബാബു പണം നിക്ഷേപിച്ചെന്നായിരുന്നു ആരോപണം.