കെ ബാബുവിന്‍റെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ തെളിവ് തേടിയുള്ള രണ്ടാംഘട്ട അന്വേഷണം വിജിലന്‍സ് തുടങ്ങി. ഇതിന്‍റെ ഭാഗമായാണ് ബാബുവിന്‍റെ വരുമാനം സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കഴിഞ്ഞ 25 വര്‍ഷവും തൃപ്പൂണിത്തുറയുടെ എം എല്‍ എ ആയിരുന്നു ബാബു. 

ഇതില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ശമ്പള രേഖകളാണ് നിയമസഭാ സെക്രട്ടറിയില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ബാബുവിന്‍റെ ആദായനികുതി റിട്ടേണുകളും ശേഖരിക്കും. ഇതിനായി ആദായനികുതി വകുപ്പിന് ഉടന്‍ കത്ത് നല്‍കും. ഈ വിവരങ്ങള്‍ ലഭ്യമായ ശേഷം വിജിലന്‍സിന്‍റെ കൈവശമുള്ള സ്വത്ത് വിവര പട്ടികയുമായി ഒത്തു നോക്കി സ്വത്ത് സമ്പാദനത്തിലെ പൊരുത്തക്കേടുകള്‍ തെളിയിക്കുകയാണ് ലക്ഷ്യം. 

ഇതിനിടെ രണ്ടാം വട്ടവും ചോദ്യം ചെയ്തിട്ടും തന്‍റെ വരുമാനം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബാബുവിന്‍റെ അസിസ്റ്റ് നന്ദകുമാറിന് കഴിഞ്ഞിട്ടില്ല. 2012 ല്‍ നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. 

ശമ്പളം ഉപയോഗിച്ചാണ് സ്ഥാപനം തുടങ്ങിയത് എന്നാണ് നന്ദകുമാറിന്‍റെ നിലപാട്. എന്നാല്‍ 40.000 രൂപ മാത്രം ശന്പളമുണ്ടായിരുന്ന നന്ദകുമാറിന് ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ കഴിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഇതിന്‍റ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ വീണ്ടും വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയത്.