കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്. ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവും അന്വേഷണ പരിധിയിലാണ്. ബാബുറാമിന്റെ വ്യാപാര ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത് തന്റെ അറിവോടയല്ലെന്നും കത്ത് കൊണ്ട് തനിക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ലെന്നും കെ ബാബു പറഞ്ഞു.കെ ബാബുവും ബിനാമിയായ ബാബുറാമും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവന്‍ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.

ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ബാബുറാമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയെന്നും വിജിലന്‍സ് അവകാശപ്പെട്ടിരുന്നു. ഇരുവരും പരസ്പരം നിരവധി തവണ ബന്ധപ്പെട്ടതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.കൊച്ചിയില്‍ കണ്ണായ 40 സ്ഥലങ്ങളില്‍ ഇവര്‍ക്ക് ഭൂമിയുണ്ടെന്നും ഇത് വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നോ എത്രപണം ചിലവഴിച്ചെന്നോ വ്യക്തമായി ഉത്തരം നല്‍കാന്‍ ബാബുറാമിന് കഴിയുന്നില്ലെന്നും വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. താന്‍ രേഖകള്‍ സൂക്ഷിക്കാറില്ലെന്നൊക്കെയുള്ള ദുര്‍ബലമായ വാദങ്ങളാണ് ബാബുറാം ഉന്നയിക്കുന്നത് എന്നാല്‍ ബാബുറാം തന്റെ ഒരു പരിചയക്കാരന്‍ മാത്രമാണെന്നായിരുന്നു കെ. ബാബുവിന്റെ വിശദീകരണം.