ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളിയായ കർണാടക മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ്ജിന്റെ സിഐഡി ഉദ്യോഗസ്ഥർ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ജോർജ്ജ് മറുപടി നൽകി. പൊലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം ജോർജ്ജ് മന്ത്രിസ്ഥാനം രാജിവച്ചത്.

മടിക്കേരി ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കെ.ജെ. ജോർജ്ജിന്റെ സിഐഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നാല് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ സിഐഡി ഉദ്യോഗസ്ഥ‍ർ ജോർജ്ജിനോട് നൂറ്റിഅറുപത്തിരണ്ട് ചോദ്യങ്ങൾ ചോദിച്ചതായാണ് റിപ്പോ‍ർട്ടുകള്‍.

ഇതിൽ പല ചോദ്യങ്ങൾക്കും ജോർജ്ജ് മറുപടി നൽകിയില്ലെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗണപതിയുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തന്റേതല്ലായിരുന്നുവെന്നും മൂന്ന് തവണ ഗണപതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജോർജ്ജ് അന്വേഷണസംഘത്തിന് മൊഴി നൽകി. ഗണപതിക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുവെന്ന് ജോർജ്ജ് ചോദ്യം ചെയ്യലിൽ പറഞ്ഞതായി സിഐഡി വൃത്തങ്ങൾ വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ജോർജ്ജ് പ്രതികരിച്ചു.

കെ ജെ ജോർ‍ജ്ജും മുതിർന്ന ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത് ശേഷമാണ് കഴിഞ്ഞ മാസം ഏഴിന് ഡിവൈഎസ്പി ഗണപതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കോടതി നിർ‍ദ്ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ജോർജ്ജ് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.