തിരുവനന്തപുരം: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത  ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് കത്ത് നല്‍കി. എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചാരണം നടത്തിയതിനാണ് നടപടി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി.

പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നതിനാല്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ ഇതിനായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയിരുന്നു.

എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകാരികള്‍ ആണെന്നും കഴിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും വിശദീകരിച്ചുമാണ് ജേക്കബ് വടക്കുംചേരി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇത്തരം മരുന്നുകള്‍ ശരീരത്തിലെത്തുന്ന മറ്റ് വസ്തുക്കളുമായുള്ള പ്രവര്‍ത്തനത്തെയും മറ്റ് മരുന്നുകളുമായുണ്ടാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇദ്ദേഹം വിശദമാക്കുന്നു.

സാധാരണ നിലയില്‍ കഴിക്കാറുള്ള പല മരുന്നുകളും ഡോക്സി സൈക്കിളിന്‍ കഴിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ വരെയുണ്ടാകുമെന്ന് ജേക്കബ് നവടക്കുംചേരി ആരോപിക്കുന്നു. എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം മുന്നോട്ട വച്ചിരിക്കുന്ന സമയത്താണ് ആളുകളെ തെറ്റിധരിപ്പിക്കുന്നരീതിയിലുളള നിര്‍ദേശങ്ങളാണ് ഇദ്ദേഹം നല്‍കുന്നത്. 

ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇതെന്നും ഇദ്ദേഹം ആരോപിക്കുന്നു. മരുന്ന് വ്യവസായത്തിന് ചുവട് പിടിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ക്ക് പിന്നിലെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ പേടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. രോഗം ഉണ്ടാക്കുന്നത് ഇത്തരം മരുന്നുകള്‍ ആണെന്നും ഇദ്ദേഹം ആരോപിക്കുന്നു. 

സംസ്ഥാനത്ത് നിപ്പ പടര്‍ന്ന് പിടിച്ച സമയത്ത് തെറ്റിധാരണ പടര്‍ത്തുന്ന പല വിധ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ജേക്കബ് വടക്കുംചേരിയെത്തിയിരിക്കുന്നത്.