തിരുവനന്തപുരം: ജേക്കബ് വടക്കഞ്ചേരിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്ന് മന്ത്രി കെ കെ ശൈലജ വിഎസ് അച്യുതാനന്ദന് മറുപടി നല്‍കി. പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്ന രീതിയിൽ ആയിരുന്നു വടക്കഞ്ചേരിയുടെ ഇടപെടലെന്നും  മന്ത്രി പറഞ്ഞു. 

എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് സന്ദേശം നല്‍കുകയും ആളുകള്‍ക്കിടയില്‍ പ്രതിരോധ മരുന്നുകളെക്കുറിച്ച് ഭീതി പരത്തുകയും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്ന വി.എസ്. അച്യുതാനന്ദന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അഭിപ്രായം പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നു.  ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് വേണം  നടപടിയെന്നും വിഎസ് പറഞ്ഞിരുന്നു.

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിനായിരുന്നു ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത്.വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. 

സംഭവത്തില്‍ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രിഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഡിജിപി കേസെടുക്കാനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.