അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോവുമെന്നും കെ എം ഷാജി.

കോഴിക്കോട്: അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോവുമെന്ന് യൂത്ത് ലീഗ് യുവജന യാത്രക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ കെ.എം ഷാജി പറഞ്ഞു.

അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് വിധിയെകുറിച്ച് വികാരാധീനനായാണ് കെ.എം ഷാജി യോഗത്തില്‍ പ്രസംഗിച്ചത്. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. വ്യാജനോട്ടീസിന് പിന്നിൽ പ്രവർത്തിച്ചവരോട് പൊറുക്കാനാവില്ലെന്നും കെ എം ഷാജി പറഞ്ഞു. യു ഡി എഫിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ട്. തന്നെ പിന്തുണച്ചതിന്‍റെ പേരിൽ നേതാക്കൾക്കോ പ്രവർത്തകർക്കോ തലകുനിക്കേണ്ടിവരില്ലെന്നും ഷാജി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ ഷാജിക്ക് പിന്തണ നൽകി മുസ്ലീം ലീഗ് സംസ്ഥാനനേതാക്കളും രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ യൂത്ത്‍ലീഗ് ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.