കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നന്മക്കായി താന്‍ ഉന്നയിച്ച വിമര്‍ശങ്ങളെ സദുദേശ്യപരമായി കാണുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്താന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തയ്യാറായതിന് പിന്നില്‍  ആളുണ്ടെന്നായിരുന്നു മുരളീധരന്റെ ആരോപണം.  വി.എം സുധീരന്‍ ആണോ ഉണ്ണിത്താനെ കൊണ്ട് സംസാരിപ്പിച്ചത് എന്ന ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

അഭിപ്രായ വിത്യാസങ്ങള്‍ തുറന്ന് പറയുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് കരുതിയാണ്  കോഴിക്കോട്ട് നടന്ന കെ.കരുണാകരന്‍  അനുസ്മരണത്തില്‍ താന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. നേതാക്കളെ അനുസ്മരിക്കുന്ന യോഗം  അവരെ കുറിച്ചുള്ള പുകഴ്ത്തല്‍ നടത്താനുള്ള വേദിയല്ലെന്നാണ് താന്‍ കരുതുന്നതെന്നും  സ്വയം വിമര്‍ശനത്തിനു  കൂടി ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്താമെന്നും മുരളീധരന്‍ പറഞ്ഞു.

 സി.പി.എം ഭരണത്തിനെതിരെ അച്യുതാനന്ദനും അണികളിലൊരു വിഭാഗവും രംഗത്ത് വരുമ്പോഴും കോണ്‍ഗ്രസ് സജീവമാകാത്തത് ബി.ജെ.പിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത്  ഒരു സംഘം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. 

എന്നാല്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ നേതാവിനെതിരെ ഒന്നും ചെയ്യാതെ   പ്രതിഷേധം നടത്തിയവരെ മാത്രം പുറത്താക്കിയത് ശരിയായ നടപടിയല്ല. ഈ വിഷയത്തില്‍ നേതൃത്വത്തില്‍ നിന്നും നീതി കിട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷനു താന്‍ കത്തു നല്‍കിയതായും മുരളീധരന്‍ പറഞ്ഞു