Asianet News MalayalamAsianet News Malayalam

ചാരക്കേസ്: കേരളത്തിലെ നേതാക്കള്‍ ചതിച്ചെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

''1995 ഫെബ്രുവരിയിൽ കരുണാകരൻ രാജിവയ്ക്കേണ്ടെന്നാണ് നരസിംഹറാവു നേരിട്ട് പറഞ്ഞത്. മാർച്ച് മാസത്തിൽ റാവു തന്നെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു''

K MURALEEDHARAN PROTECTS KERALA LEADERS FROM ISRO SPY CASE
Author
Thiruvananthapuram, First Published Sep 16, 2018, 1:33 PM IST

തിരുവനന്തപുരം: ചാരക്കേസില്‍ കേരളത്തിലെ നേതാക്കള്‍ ചതിച്ചുവെന്ന് കെ കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍. നരസിംഹറാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരന്‍ അന്ന് പറഞ്ഞതെന്നും കേരളത്തിലെ നേതാക്കൾ ചതിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 

കെ.കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതിൽ സന്തോഷമുണ്ട്. ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തിൽ ഒരു ക്യാമ്പിനറ്റ് പദവി നൽകി കരുണാകരനെ മാറ്റാനായിരുന്നു യുഡിഎഫ് നിർദ്ദേശം. രണ്ട് ഘടകകക്ഷികൾ കെ.കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹ റാവു വിചാരിച്ചിരുന്നെങ്കിൽ അന്ന് കെ.കരുണാകരന് ഒരു അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

1995 ഫെബ്രുവരിയിൽ കരുണാകരൻ രാജിവയ്ക്കേണ്ടെന്നാണ് നരസിംഹറാവു നേരിട്ട് പറഞ്ഞത്. മാർച്ച് മാസത്തിൽ റാവു തന്നെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. മൂന്നു മാസം കരുണാകരനെ അപമാനിച്ച ശേഷം അപ്രധാന വകുപ്പ് നൽകുകയായിരുന്നു. ചാര കേസ് ആരുടെ മനസിലുണ്ടായ കാര്യമാണെന്ന് അറിയില്ല. തെളിവുകളുടെ അഭാവമുണ്ട്. അതിനാല്‍ അന്വേഷണ കമ്മീഷന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുന്നുവെന്നതാണ് ആശ്വാസം. കമ്മിഷൻ നോട്ടീസ് നൽകിയാൽ പോകും. പക്ഷെ തനിക്ക് കേസിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. ആർക്കെക്കതിരെയും ‌ഒരു തെളിവില്ലാതെ മൈതാന പ്രസംഗത്തിൽ കാര്യമില്ല. പാർട്ടിയിൽ ഇതൊരു ചർച്ചയാക്കാൻ താൽപര്യമില്ല. അതിനുള്ള ആരോഗ്യം പാർട്ടിക്കില്ല. ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ.കരുണാകരനാണ്. അത് എന്റെ കുടുംബത്തിന്റെ സ്വകാര്യ ദു:ഖമായി കണക്കാക്കുന്നു. അതിനാൽ പാർട്ടിയിൽ ചർച്ച വേണ്ട. ഇന്നോടെ ഈ ചർച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 

പത്മജയോട് അച്ഛൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. എന്നോട് നരസിംഹറാവുവിനെ കുറിച്ചാണ് പറഞ്ഞത്. അരൊക്കെയാണ് ചതിച്ചതെന്ന്  ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തര്‍ത്തും തീരുമാനിക്കും. ചാരകേസ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. രാജി ആവശ്യപ്പെട്ടവർക്ക് ഇതൊരു കാരണവും കൂടി ആയി. കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് സാധ്യതയുള്ള സംസ്ഥാനം. പ്രളയമായതുകൊണ്ടാണ് പാർട്ടി പ്രവർത്തനം സജീവമാകാത്തത്. ആരും നേത്യ മാറ്റം ആവശ്യപ്പെട്ടിട്ടില്ല. ബൂത്ത് തല കമ്മിറ്റികൾ ശക്തമാകണം. അല്ലാതെ നേതൃത്വമല്ല മാറേണ്ടത്. അടുത്തിടെ പാർട്ടിയിൽ തെരെഞ്ഞെടുപ്പൊന്നുമില്ല.സ്ട്രോങ്ങായ കൺവീനർ ഇപ്പോഴണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios