നരസിംഹറാവുവാണ് കെ. കരുണാകരനെ രാജിവെപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തത്  എന്നതിനപ്പുറം തന്‍റെ കയ്യില്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ നല്‍കാന്‍ തെളിവുകളൊന്നും ഇല്ല. മൈതാനപ്രസംഗം നടത്തുന്നത് പോലെ സംസാരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന്‍ 

തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയിലൂടെ കരുണകാരന്‍റെ നിരപരാധിത്വം തെളിഞ്ഞുവെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കെ.മുരളീധരന്‍. കുറ്റമാരോപിക്കപ്പെട്ടവരെല്ലാം സംശയത്തിന്‍റെ നിഴലില്‍ നിന്ന് പുറത്തുവന്നു. നമ്പിനാരായണനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം വന്നു. നീതി കിട്ടാതെ മരണപ്പെട്ടത് കെ.കരുണാകരന്‍ മാത്രമാണ്. ഈ വിധിയിലൂടെ അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.കെ ജെയിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷിക്കുക. മുന്നോട്ടുള്ള പ്രയാണത്തിലെ പ്രധാനഘടകം സമയപരിധിയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുമ്പോള്‍ അവരെങ്ങനെയാണ് നിഗമനത്തിലെത്തിയെന്നതും, അതിലേക്ക് നയിച്ച് സംഭവവികാസങ്ങളെന്തൊക്കെയാണെന്നും പുറത്തുവരുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് പി.വി നരസിംഹറാവുവാണ്. ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയത് നരസിംഹറാവുമാണെന്ന് പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ മാറ്റണമെന്ന തീരുമാനം കോണ്‍ഗ്രസിനുണ്ടായിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി നിര്‍ദ്ദേശിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കെ.കരുണാകരനുമുണ്ടായിരുന്നു. നരസിംഹറാവുവാണ് കെ. കരുണാകരനെ രാജിവെപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തത് എന്നതിനപ്പുറം തന്‍റെ കയ്യില്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ നല്‍കാന്‍ തെളിവുകളൊന്നും ഇല്ല. മൈതാനപ്രസംഗം നടത്തുന്നത് പോലെ സംസാരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.