തിരുവനന്തപുരം: വിടി ബൽറാമിന്റെ പരാമർശം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അദ്ദേഹത്തിന്റെ പരാമര്‍ശം കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല. പരാമര്‍ശം ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും ഉള്ളവരെ അത്തരത്തിൽ ചിത്രീകരിച്ചത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. സൈബർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു.
എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്.
ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം.
'മുഖ്യമന്ത്രി കലോത്സവത്തിനെത്താതിരുന്നത് ശരിയായില്ല'
സ്കൂള്‍ കലോത്സവ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് മുരളീധരന്‍. മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ല. പങ്കെടുക്കാതിരുന്നത് പ്രൊട്ടോകോളിന് വിരുദ്ധമാണ്. ഇത്രയും ഉപദേശകരുണ്ടായിട്ടും നല്ലൊരു ഉപദേശം ആരും മുഖ്യമന്ത്രിക്ക് നൽകിയില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. മുത്തലാഖ് ബിൽ ബിജെപി നടപ്പാക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
