മലപ്പുറം: രഹ്‍ന ഫാത്തിമയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍  സെക്രട്ടറി കെ പി എ മജീദ്. ശബരിമലയില്‍ വര്‍ഗീയത ഉണ്ടാക്കാൻ സിപിഎമ്മാണ് രഹ്‍ന ഫാത്തിമയെ അയച്ചതെന്ന് കെ പി എ മജീദ് പറഞ്ഞു. മലപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് കെ പി എ മജീദ് രഹ്‍ന ഫാത്തിമയെ അധിക്ഷേപിച്ചത്. വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത രഹ്‍ന ഫാത്തിമയ്ക്ക് എന്ത് മതവിശ്വാസമാണുള്ളതെന്നും മജീദ് ചോദിച്ചു.

രാജ്യത്ത് അക്രമവും അരാജകത്വവും വര്‍ഗിയതയും ഉണ്ടാക്കാനായി സിപിഎം പടച്ചുവിടുന്ന ചില അഭിസാരികകളാണ് ഇവരെന്നും മജീദ് പറഞ്ഞു. വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് സംസ്ഥാന വ്യാപകമായി വനിതാ സംഗമം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷ ദിനം ,സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കര്‍മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കും ശക്തമായ മറുപടി നല്‍കാനായാണ് യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചത്.