നിയമസഭയിലെ പ്രസ് ഗ്യാലറിയിലെത്തിയ പുതുമുഖത്തെ കണ്ട്, മാധ്യമപ്രവർത്തകർ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ, പുതിയ അതിഥിക്കായി ഇരിപ്പിടമൊരുക്കി. മുൻ മന്ത്രി കെ പി മോഹനനാണ് ഇന്ന് റിപ്പോർട്ടറുടെ വേഷത്തിൽ നിയമസഭയിൽ എത്തിയത്.
ചോദ്യോത്തരവേള തുടങ്ങുകയാണ്. എംഎൽഎമാരും മന്ത്രിമാരും എല്ലാം തയ്യാർ. മാധ്യമപ്രവർത്തകരും സജ്ജരായി. സഭാനടപടികൾ തുടങ്ങിയപ്പോഴാണ് പ്രസ് ഗ്യാലറിയിലെ പുതുമുഖം ക്യാമറകളുടെ കണ്ണിൽ പെട്ടത്. അതീവ ശ്രദ്ധയോടെ സഭാനടപടികൾ റിപ്പോർട്ട് ചെയ്യുന്നത് മുൻ മന്ത്രി കെ പി മോഹനൻ. കോഴിക്കോട്ടെ സായാഹ്ന പത്രം പടയണിയുടെ ലേഖകൻ.
പടയണിയുടെ ലേഖകനായി തുടരാനാണ് കെ പി മോഹനന്റെ തീരുമാനം. അച്ഛൻ തുടങ്ങിവച്ച പ്രസ്ഥാനത്തിനായി കൂടുതൽ സമയം ചെലവഴിക്കും. നാളെയും സഭയിലെത്തുമെന്ന് ഉറപ്പുപറഞ്ഞാണ് മുൻ മന്ത്രി സഭ വിട്ടത്.
