ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 24 ഭാഷയിലെ പുസ്തകങ്ങള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളി സാഹിത്യകാരന്‍ കെ പി രാമനുണ്ണി രചിച്ച 'ദൈവത്തിന്റെ പുസ്തകം' (നോവല്‍) എന്ന രചനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

അടുത്ത വര്‍ഷം ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 2011 ജനുവരി ഒന്നിനും 2015 ഡിസംബര്‍ 25 നും ഇടയില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായ് പരിഗണിച്ചത്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണ് 'ദൈവത്തിന്റെ പുസ്തകം' എന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

നബിയെ പോലെ ശ്രീകൃഷ്ണന്റെ ജീവിതവും യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ സാന്നിധ്യവും ദൈവത്തിന്റെ പുസ്തകത്തില്‍ പ്രകടമാണ്. ശാസ്ത്രീയ കണ്ടെത്തലുകളും ഇടവിട്ട് ആവര്‍ത്തിക്കുന്ന പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണി നേടിയിട്ടുണ്ട്. വിധാതാവിന്റെ ചിരി ആദ്യ കഥാസമാഹാരവും സൂഫി പറഞ്ഞ കഥ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്.