1949 ജൂലൈ 1 നാണ് കവനന്‍റ് ഉടമ്പടി രൂപീകരിച്ചത്. തിരുവിതാംകൂര്‍-കൊച്ചി സംയോജനവുമായി ബന്ധപ്പെട്ടതാണ് ഈ ഉടമ്പടി. പന്തളം കൊട്ടാരത്തിന്‍റെ അധികാരത്തെ പറ്റിയോ മേല്‍ശാന്തി നിയമനത്തെ പറ്റിയോ ഈ ഉടമ്പടിയില്‍ പരാമര്‍ശിക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധിയുടെ കയ്യില്‍ രേഖയുണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശങ്കരദാസ് വ്യക്തമാക്കി. 

തിരുവനന്തപുരം: ശബരിമല ക്ഷേത്രം അടച്ചിടാന്‍ കഴിയുമെന്ന പന്തളം കൊട്ടാരത്തിന്‍റെ വാദം തെറ്റെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്. 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്‍റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകുമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയത്. എന്നാല്‍ കൊട്ടാരത്തിന്‍റെ അത്തരം അവകാശങ്ങളെ കുറിച്ച് കവനന്‍റില്‍ പറയുന്നില്ലെന്ന് ശങ്കരദാസ് വ്യക്തമാക്കി. 

1949 ജൂലൈ 1 നാണ് കവനന്‍റ് ഉടമ്പടി രൂപീകരിച്ചത്. തിരുവിതാംകൂര്‍-കൊച്ചി സംയോജനവുമായി ബന്ധപ്പെട്ടതാണ് ഈ ഉടമ്പടി. പന്തളം കൊട്ടാരത്തിന്‍റെ അധികാരത്തെ പറ്റിയോ മേല്‍ശാന്തി നിയമനത്തെ പറ്റിയോ ഈ ഉടമ്പടിയില്‍ പരാമര്‍ശിക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധിയുടെ കയ്യില്‍ രേഖയുണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശങ്കരദാസ് വ്യക്തമാക്കി. 

'കൊല്ലവര്‍ഷം 96 ല്‍ പന്തളം കൊട്ടാരത്തിന് കീഴിലുളള 48 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന് കൈമാറിയതായാണ് രേഖ. 48 ക്ഷേത്രങ്ങളും പരിപാലിക്കുന്നതില്‍ പന്തളം കൊട്ടാരത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ക്ഷേത്രം തിരുവിതാംകൂര്‍ കൊട്ടാരത്തിന് കൈമാറിയത്. കടബാധ്യതകളെ തുടര്‍ന്നായിരുന്നു ഭൂമിയും ക്ഷേത്രവും തിരുവിതാംകൂര്‍ കൊട്ടാരാത്തിന് നല്‍കിയത്. ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ പിന്നീട് തിരുവിതാംകൂറിനായിരുന്നുവെന്നാണ് ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്': ശങ്കരദാസ് പറഞ്ഞു


'കവനന്‍റ് ഉടമ്പടി വരുന്നതും ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതും 1949 ലാണ്. പിന്നീട് ക്ഷേത്രത്തില്‍ അധികാരം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിപ്പോയി. കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മീഷനെ കോടതി നിയമിച്ചു. ജ.തോമസ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിയെ നറുക്കിട്ട് നിയമിക്കുമ്പോള്‍ അതിലേക്ക് പന്തളം കൊട്ടാരത്തില്‍നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു.'ശങ്കർ ദാസ് പറയുന്നു. മേൽശാന്തിമാരുടെ നറുക്കെടുപ്പിന് മേൽനോട്ടം വഹിയ്ക്കാൻ ഒരു പ്രതിനിധിയെ അയയ്ക്കാമെന്നല്ലാതെ അടച്ചിടാന്‍ അവകാശമുണ്ടെന്നതിന് രേഖകളില്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി.