ദുബായ്: കെഎംസിസിയുടെ ഈവര്‍ഷത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് പ്രതിനിധി കെആര്‍ അരുണ്‍കുമാര്‍ അര്‍ഹനായി. വെളളിയാഴ്ച വൈകുന്നേരം ദുബായ് എന്‍എ മോഡല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു സമ്മാനിക്കുമെന്ന് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ ദുബായി പ്രസിഡന്‍റ് അന്‍വര്‍ നഹ അറിയിച്ചു. 

പിപി ശശീന്ദ്രന്‍(മാതൃഭൂമി പത്രം), ഫസലു(ഹിറ്റ് എഫ്എം), റഫീഖ്(കാമറാമാന്‍ ജീവന്‍ ടിവി) എന്നിവര്‍ക്കാണ് മറ്റു മാധ്യമ അവാര്‍ഡുകള്‍. 46-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കെ.എം.സി.സി ഒരു മാസമായി നടത്തിവരുന്ന ആഘോഷ പരിപാടികള്‍ക്ക് അന്നേദിവസം നടക്കുന്ന പൊതു സമ്മേളനത്തോടെ പരിസമാപ്തിയകും. 

ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഇശല്‍ നൈറ്റും അരങ്ങേറുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎംസിസി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.