കെഎഎസിലെ സംവരണ വ്യവസ്ഥയ്ക്കെതിരെ നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പിനു പിന്നാലെ ഭരണ പക്ഷത്തു നിന്നും വിമര്‍ശനം ശക്തമാവുകയാണ്.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സംവരണ വ്യവസ്ഥയ്ക്കെതിരെ സിപിഎം എംപി കെ സോമപ്രസാദ്. ഇപ്പോഴത്തെ നിലയില്‍ കെഎഎസില്‍ നടപ്പാക്കിയാല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഐഎഎസ് ലഭിക്കാനുളള സാധ്യത അടയുമെന്ന് സോമപ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം സര്‍ക്കാര്‍ തളളണമെന്നും സോമപ്രസാദ് ആവശ്യപ്പെട്ടു. 

കെഎഎസിലെ സംവരണ വ്യവസ്ഥയ്ക്കെതിരെ നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പിനു പിന്നാലെ ഭരണ പക്ഷത്തു നിന്നും വിമര്‍ശനം ശക്തമാവുകയാണ്. കെഎഎസിലെ മൂന്നു വിഭാഗങ്ങളിലും സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി നേതാവ് കൂടിയായ കെ സോമപ്രസാദ് എം പി അഞ്ചു വട്ടമാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. 

എന്നാല്‍ നേരിട്ടുളള നിയമനത്തില്‍ മാത്രം സംവരണം മതിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളില്‍ സംവരണം വേണ്ടെന്നുമുളള ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശമാണ് സര്‍ക്കാര്‍ നിലപാടിന് ആധാരം. ഈ ഉപദേശം തളളണമെന്നാണ് പാര്‍ട്ടിയുടെ രാജ്യസഭാംഗം തന്നെ ആവശ്യപ്പെടുന്നത്.

കെഎസ്എസില്‍ നിമയനം നടത്തുന്പോള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിധ്യം കുറഞ്ഞാല്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തുമെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. സ്പെഷ്യല്‍ റിക്രൂട്ടമെന്‍റ് വഴി വരുന്നവര്‍ സീനിയോരിറ്റി ലിസ്റ്റില്‍ അവസാനം ആകുമെന്നതിനാല്‍ ഐഎഎസ് സാധ്യത ഇല്ലാതാകുമെന്നാണ് ആക്ഷേപം.

കെഎഎസിലെ സംവരണ വ്യവസ്ഥയ്ക്കെതിരെ നേരത്തെ മുസ്ലിം ലീഗും കൊടിക്കുന്നില്‍ സുരേഷ് അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.