മട്ടന്നൂരിലെ വെള്ളാം പറമ്പിലാണ് ആളൊഴിഞ്ഞ പ്രദേശത്തു നിന്ന് മൂന്ന് വാളുകള്‍ ഇന്നലെ കണ്ടെടുത്തത്.

കണ്ണൂര്‍: ഷുഹൈബിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങളല്ല മട്ടന്നൂരില്‍ നിന്ന് ഇന്നലെ കണ്ടെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. യഥാര്‍ത്ഥ ആയുധങ്ങള്‍ക്ക് പകരം ഇവ കോടതിയില്‍ എത്തിച്ച് കേസ് ദുര്‍ബലമാക്കാനാണ് ശ്രമമെന്നും സുധാകരന്‍. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായി.

മട്ടന്നൂരിലെ വെള്ളാം പറമ്പിലാണ് ആളൊഴിഞ്ഞ പ്രദേശത്തു നിന്ന് മൂന്ന് വാളുകള്‍ ഇന്നലെ കണ്ടെടുത്തത്. ഫോറന്‍സിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇവ കൊലയ്‌ക്ക് ഉപയോഗിച്ചതാണോയെന്ന് സ്ഥിരീകരിക്കൂ. ഇതിനിടെയാണ് ആരോപണവുമായി കെ.സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവ കൊലയ്‌ക്ക് ഉപയോഗിച്ച യഥാര്‍ത്ഥ ആയുധങ്ങളല്ലെന്നും ഇവ കോടതിയില്‍ എത്തിച്ച് കേസ് ദുര്‍ബലമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വില കുറഞ്ഞ കവല പ്രസംഗമാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കേസില്‍ ഇന്ന് അറസ്റ്റിലായ പാലയോട് സ്വദേശികളായ സഞ്ജയും രജത്തും പ്രതികളെ സഹായിച്ചതിനാണ് പിടിയിലായത്. കൊലയ്‌ക്ക് ശേഷം ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് സഞ്ജയ് ആയിരുന്നു. രജത് ആണ് പ്രതികള്‍ക്ക് വാഹനം മാറിക്കയറി രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. ഇരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും പൊലീസ് സംശയിക്കുന്നു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ചാമനെ ഇനിയും പിടികൂടാനായിട്ടില്ല.