കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാൻ ജയിൽ അധികൃതർ ഒത്താശ ചെയ്തിരുന്നുവെന്ന് കെ സുധാകരൻ. സബ് ജയിലിൽ നിന്ന് ചട്ടംലംഘിച്ച് ശുഹൈബിനെ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ നിന്ന് ശുഹൈബിനെ രക്ഷിക്കാനായത് ജയിൽ ഡിജിപിയുടെ ഇടപെടൽ മൂലമെന്നും കെ.സുധാകരൻ പറഞ്ഞു.
കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസിൽ വിശ്വാസമില്ലെന്നും സുധാകരൻ വ്യക്തമാക്കി. അതേമയം ശുഹൈബിന് ജയിലിൽ ഭീഷണി ഉണ്ടായിരുന്നുവെന്നപം "കാണിച്ചു തരാം" എന്ന് സിപിഎം തടവുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും ജയിലിൽ ഷുഹൈബിന് ഒപ്പമുണ്ടായിരുന്ന ഫർസീന്‍ വെളിപ്പെടുത്തി.
ശുഹൈബിനെ കൊലപ്പെടുത്തിയതിന് മുമ്പ് സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ ഇ പി ജയരാജന്‍റെ മുന്‍ പി എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും ഡീന്‍ പറഞ്ഞു.
