അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല മോദിയെന്ന് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെയായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം

തിരുവനന്തപുരം: റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ല‍ജ്ജ എന്ന വാക്ക് നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല മോദിയെന്ന് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെയായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം. റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളുകയും ചെയ്തു.

കെ സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയിൽ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പു പറയണം.