ആ ഗോള്‍ കൊള്ളില്ലെന്ന് കെ സുരേന്ദ്രന്‍; നെയ്മറെ കുറ്റം പറഞ്ഞാൽ പാർട്ടി വിടുമെന്ന് കൗണ്ടര്‍

രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കെ സുരന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിക്കാറുള്ളത്. മൂന്നര ലക്ഷത്തിനു മുകളില്‍ ഫോളോവേഴ്സുള്ള പേജാണ് സുരേന്ദ്രന്‍റേത്. അതുകൊണ്ടു തന്നെ അവിടെ വരുന്ന പോസ്റ്റുകള്‍ക്ക് നല്ല പ്രതികരണവും ലഭിക്കാറുണ്ട്. എതിര്‍ത്തും അനുകൂലിച്ചും കമന്‍റുകളിട്ടും, പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും ഫോളോവേഴ്സ് ആഘോഷമാക്കാറാണ് പതിവ്.

എന്നാല്‍ ഇത്തവണ കളിമാറി. ഇക്കുറി കെ സുരേന്ദ്രന്‍ അഭിപ്രായം പറഞ്ഞത് കേരളത്തിലെ ബ്രസീല്‍ ആരാധകരായ ബിജെപി അനുയായികളെ ധര്‍മ സങ്കടത്തിലാക്കി. 'കരയാൻ മാത്രം മികച്ചൊരു ഗോളൊന്നുമല്ല നെയ്മറിൻറേത്. പെനാൾട്ടി ബോക്സിലെ നാടകം തികച്ചും അരോചകം' എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്ത് കേരളത്തില്‍ ഏറെ ആരാധകരുള്ള ബ്രസീലിനെതിരെ പറഞ്ഞത് ഒരു ആരാധകന് സഹിച്ചില്ല. 'ചേട്ടാ അങ്ങനെ മാത്രം പറയല്ലെ, ഇതു ഷെയർ ചെയ്യില്ല എന്നായിരുന്നു അയാളുടെ കമന്‍റ്. നെയ്മറേ കുറ്റം പറഞ്ഞാൽ പാർട്ടി വിട്ടുകളയും കേട്ടാ സുരേട്ടാ എന്നായിരുന്നു മറ്റൊരുളുടെ കമന്‍റ്.

പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ബ്രസീല്‍ ആരാധകരായ നിരവധി ബിജെപി അനുഭാവികളാണ് പോസ്റ്റിനെതിരെ രംഗത്തുവരുന്നത്. തള്ളാനും, കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് മിക്കവരുടെയും കമന്‍റുകള്‍. രാഷ്ട്രീയം മറന്ന് കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇങ്ങള് നമ്മടെ ആളാണല്ലേ ഇക്കാര്യത്തില്‍ നമ്മള്‍ സപ്പോര്‍ട്ടാ.. എന്നാണ് അര്‍ജന്‍റീന ആരാധകനായ ഒരാളുടെ കമന്‍റ്. ഏതായാലും രാഷ്ട്രീയത്തേക്കാളെല്ലാംവലുതാണ് മലയാളി ആരാധകരുടെ ഫുട്ബോള്‍ പ്രണയമെന്നാണ് കമന്‍റുകള്‍ വ്യക്തമാക്കുന്നത്.