കണ്ണൂര്‍: കുരീപ്പുഴയുടേത് ആര്‍എസ്എസിനെ ചീത്തവിളിച്ച് പ്രശസ്തനാകാനുള്ള ശ്രമമെന്ന് കെ സുരേന്ദ്രന്‍. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ച് കവി കുരീപ്പുഴയെ ആക്രമിച്ചതിന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുരൂപ്പുഴയെ പരിഹസിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയായിരുന്നു സംഭവം. വടയമ്പാടി ജാതിമതില്‍ സമരത്തിനെതിരെ സംസാരിച്ചതിനാണ് ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തത്. എന്നാല്‍ പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണെന്നുമാണ് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചത്.


കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർ. എസ്. എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും. തൻറെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. 

മുരുകൻറെ നാട്ടിൽ ആർ. എസ്. എസും ബി ജെ പിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആർ. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആർ. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിററുപോയി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്. 

കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.