മുട്ടാപ്പോക്കുന്യായങ്ങളോട് സഹതാപം സിപിഎമ്മിനെ കുത്തി സുരേന്ദ്രന്‍  

തിരുവനന്തപുരം: സിപിഎം ഭരിച്ചിരുന്ന ത്രിപുരയിലുള്‍പ്പടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.

സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂവെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കും. സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.