ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുന്നോടിയായുള്ള പിണറായിയുടെ ഈ പ്രസ്താവന മോദിക്കെതിരെയാണെന്നായിരുന്നു പിന്നീട് വിശേഷണങ്ങള്‍ വന്നത്

കാസര്‍കോഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജഹംസത്തോട് ഉപമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നരേന്ദ്ര മോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന അരയന്നമാണെന്നും ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.

നേരത്തെ, ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുന്നോടിയായുള്ള പിണറായിയുടെ ഈ പ്രസ്താവന മോദിക്കെതിരെയാണെന്നായിരുന്നു പിന്നീട് വിശേഷണങ്ങള്‍ വന്നത്. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്.

എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്‍റെ ഈ ദേശാടനക്കിളി പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ സുരേന്ദ്രന്‍റെ പുതിയ ഉപമ.