Asianet News MalayalamAsianet News Malayalam

കെ.സുരേന്ദ്രൻ ഇന്ന് ജയില്‍ മോചിതനാവും : വന്‍വരവേല്‍പ്പിനൊരുങ്ങി ബിജെപി

ഇന്ന് പത്ത് മണിയോടെ സുരേന്ദ്രന് ജയിലില്‍ നിന്ന്  പുറത്തിറങ്ങും.  

k surendran to be released from prison today
Author
Thiruvananthapuram, First Published Dec 8, 2018, 3:54 AM IST

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്ന് ജയിൽമോചിതനാകും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതേസമയം, സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 

തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴി‌ഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രന് ജയിലില്‍ നിന്ന്  പുറത്തിറങ്ങും.  

20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. 

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമർശിച്ച വി.മുരളീധരൻ എംപിയും ഇന്നലെ സമരപന്തലിൽ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാ‍ർച്ചും സംഘടിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios