Asianet News MalayalamAsianet News Malayalam

ശബരിമല; എന്‍ എസ് എസിന്‍റെ നിലപാട് സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

തുടർന്നും വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ശബരിമലയുടെ പേര് പറഞ്ഞാൽ വനിതാ മതിൽ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍

k surendran welcomes stand of nss on sabarimala and womens wall
Author
Thiruvananthapuram, First Published Dec 17, 2018, 4:06 PM IST

തിരുവനന്തപുരം: ശബരിമല വനിതാ പ്രവേശനം, വനിതാ മതില്‍ എന്നീ വിവാദ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളിയ എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയിലെ എൻ എസ് എസ് നിലപാട് വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകി. തുടർന്നും വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ശബരിമലയുടെ പേര് പറഞ്ഞാൽ വനിതാ മതിൽ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാം എന്ന രാഷ്ട്രീയ നിലപാടിലേക്ക് സി പി എം  എത്തിയോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒളിച്ചുകളി സി പി എം അവസാനിപ്പിക്കണം.
 പിണറായി സ്റ്റാലിന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ഇരുന്നത് എന്തു കൊണ്ടാണ് ? 
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കിൽ ഇടത് മുന്നണി പിരിച്ചു വിട്ട് യു ഡി എഫിൽ ലയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നുമാണ് എൻ എസ് എസ് സുകുമാരന്‍ നായര്‍ പറഞ്ഞു‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കാൻ നീക്കമാണ് നടക്കുന്നത്. സർക്കാരിൽ നിന്ന് എൻ എസ് എസ് ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ഉറച്ച് നിന്നാൽ എൻ എസ് എസ് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ പറഞ്ഞു.

വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കും. വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയിൽ വിശ്വാസികൾ പങ്കെടുക്കാം. സമദൂര നിലപാടിൽ നിന്ന് മാറിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദർഭോചിത നിലപാടെടുക്കും. വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നിന്നവരെ എൻഎസ്എസ് പിന്തുണയ്ക്കും. വനിതാ മതിലുമായി സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻ എസ് എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios