Asianet News MalayalamAsianet News Malayalam

ഏഴ് ഉദ്യോഗാര്‍ത്ഥികളുടെയും വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറാവണം: പി.കെ ഫിറോസ്

പേഴ്സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് 

k t jaleel should reveal other candidates details
Author
Trivandrum, First Published Nov 4, 2018, 4:24 PM IST

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജലീലിന്‍റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി തയ്യാറാവണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഏഴ് ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും  ഇതേ തുടര്‍ന്നാണ് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജിഎം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് വിശദീകരിച്ചത്.  മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും പി.കെ ഫിറോസ് പറഞ്ഞു.

കെ.എം. മാണി പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തക്കാരനെ നിയമിച്ചുവെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് നിയമനം പോലെയല്ല മൈനോറിറ്റി ബോര്‍ഡിലേക്കുള്ള നിയമനം. കെ.ടി അദീപിന്‍റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണം. ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലീഗുകാർ പലരും കോ‍ർപ്പറേഷനിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പലരും അത് തിരിച്ചടച്ചിട്ടില്ല. കിട്ടാക്കടം തിരിച്ചു പിടിക്കാൻ കോർപ്പറേഷനിൽ നിന്ന് ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്‍റെ പ്രകോപനത്തിന് കാരണമെന്നാണ്  ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

Follow Us:
Download App:
  • android
  • ios