തിരുവനന്തപുരം: കെ ടി അദീബിന്‍റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായി മന്ത്രി കെ ടി ജലീലിന്‍റെ മറുപടി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിക്കാതെയാണ് നിയമനം എന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സമ്മതിക്കുന്നു.

നിലവിലുള്ള കീഴ്വഴക്കങ്ങള്‍ പാലിച്ചാണ് അദീബിനെ നിയമിച്ചതെന്ന് വാദിച്ച മുഖ്യമന്ത്രി മുന്‍കാലങ്ങളില്‍ സൗത്ത് ഇന്ത്യന്‍ബാങ്കില്‍ നിന്നും, മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഡപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തിയിരുന്നെന്നും വ്യക്തമാക്കിയിരുന്നു. പൊതുമേഖല സ്ഥാപനത്തിലെ ഉന്നത തല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമാണോയെന്ന ചോദ്യത്തിന് ആവശ്യമാണെന്നാണ് കെ ടി ജലീല്‍  നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ കെ ടി അദീബിന്‍റെ നിയമനത്തില്‍ പ്രസ്തുത ചട്ടം പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. അദീബിന്‍റെ നിയമനത്തില്‍ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ മന്ത്രിയുടെ മറുപടി തള്ളുകയാണ്.

സഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് സമാന വിഷയത്തില്‍ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. എം.ഡി നിയമനത്തിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ഓഗസ്റ്റ് 29നാണ് കോഴിക്കോട്ടെ ഓഫീസില്‍ കിട്ടിയതെന്നാണ് ന്യൂനപക്ഷ വികസ ധനകാര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതുക്കിയ വിദ്യാഭ്യാസ യോഗ്യത ചേര്‍ത്ത് 2016 ഓഗസ്റ്റ് 25നാണ് കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. സര്‍ക്കുലര്‍ കിട്ടുന്നതിന് നാല് ദിവസം മുന്‍പ് പുതുക്കിയ വിദ്യാഭ്യസ യോഗ്യത ചേര്‍ത്തുള്ള നോട്ടിഫിക്കേഷന്‍ എങ്ങനെ ഇറങ്ങിയെന്നതിലും വ്യക്തതയില്ല