തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാനായുള്ള മന്ത്രി കെ ടി ജലീലിന്‍റെ സൗദി യാത്ര അനിശ്ചിതത്വത്തിൽ. നയതന്ത്ര പാസ്പോർട്ടിനുള്ള മന്ത്രിയുടെ അപേക്ഷ കേന്ദ്രം നിരസിച്ചതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. അനിശ്ചിതത്വം നീക്കാൻ സംസ്ഥാന സർ്കാകർ കേന്ദ്ര സർക്കാറിൽ വീണ്ടും സമ്മർദ്ദം ചെലുത്തും.

ദുരിതമനുഭവിക്കുന്ന മലയാളികളുടെ സഹായത്തിനായാണ് മന്ത്രി കെ.ടി ജലീലിനെ സൗദി അരേബ്യയിലേക്കയക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇന്ന് യാത്ര തിരിക്കാനിരുന്ന മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് സൗദയിലേക്കുള്ള യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ച കാര്യം അറിയിച്ചത്.

നയതന്ത്ര പാസപോർട്ടിനുള്ള വ്യക്തികളുടെ അപേക്ഷയിൽ കേന്ദ്രം രാഷ്ട്രീയ അനുമതി നൽകേണ്ടതുണ്ട്. ഈ അനുമതിയാണ് കേന്ദ്രം നിഷേധിച്ചത്. ഇത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

കേരളത്തിലെ ഒരു മന്ത്രിക്ക് ഇത്തരത്തിലുള്ള അനുമതി നൽകിയാൽ മറ്റ് സംസ്ഥാനത്തെ പ്രതിനിധികളും സൗദിയിലേക്ക് പോകാനുള്ള നയതന്ത്ര പാസപോർട്ടിനായി കേന്ദ്രത്തെ സമീപിക്കും. നിയമങ്ങൾ കർക്കശമായ സൗദിയിലും ഇത് പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ സൗദി സർക്കാരും രാഷ്ട്രീയ അനുമതി നൽകണം. നിലവിലുള്ള സാഹചര്യത്തിൽ അത് ലഭിക്കുമോ എന്നും കേന്ദ്രത്തിന് സംശയമാണ്. മാത്രമല്ല നിലവിൽ വിദേശകാര്യ സഹമന്ത്രി ഇന്ത്യക്കാരുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്.

നയതന്ത്ര പരിരക്ഷ കിട്ടില്ലെങ്കിലും സാധാരണ പാസപോർട്ടിൽ മന്ത്രിക്ക് ആവശ്യമെങ്കിൽ സൗദിയിലേക്ക് പോകാൻ തടസ്സമില്ല. എന്നാൽ നയതന്ത്ര പാസപോർട്ടിനുള്ള അനുമതിക്കായി കേരളം കേന്ദ്ര സർക്കാറിൽ സമ്മദർദ്ദം ശക്തമാക്കാൻ തന്നെയാണ് തീരുമാനിച്ചത്. അനുമതി നിഷേധിത്തതിന് പിറകെ മുഖ്യമന്ത്രി മന്ത്രി കെ ടി ജലീലുമായി സംസാരിച്ചു. നയതന്ത്ര പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ ലേബർ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങൾ മന്ത്രിക്ക് സന്ദർശിക്കാനുമാകില്ല. ഈ സാഹചര്യത്തലാണ് സമ്മർദ്ദം ശക്തമാക്കാൻ തീരുമാനിക്കുന്നത്.