സത്യ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. തെറ്റ് വന്നാല്‍ തിരുത്തുകയും വേണം. ആ വാര്‍ത്തകളില്‍ നിന്ന് തനിക്ക് കിട്ടിയ സൂചനകള്‍ ഇതൊരു ഔദ്യോഗിക സോഴ്സില്‍ നിന്ന് വന്നതെന്നാണ്. അതിന്‍റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും ഹരിദാസ്
തിരുവനന്തപുരം: വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയെ പരോക്ഷമായി തള്ളി ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ വി എസ് ഹരിദാസ്. ഇത്തരം വാര്‍ത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാന്‍ പോകില്ലെന്നും ആ ട്വീറ്റ് പിന്‍വലിക്കാന്‍ നോക്കാമെന്നും ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.
'വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഹരിദാസ് ഇക്കാര്യം പറഞ്ഞത്. സത്യ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. തെറ്റ് വന്നാല്‍ തിരുത്തുകയും വേണം. ആ വാര്‍ത്തകളില്‍ നിന്ന് തനിക്ക് കിട്ടിയ സൂചനകള്‍ ഇതൊരു ഔദ്യോഗിക സോഴ്സില്‍ നിന്ന് വന്നതെന്നാണ്.
അതിന്‍റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. ജമ്മു കാശ്മീരിലും ഇസ്ലാം രാജ്യങ്ങളിലുമൊക്കെ ഇത്തരം വസ്ത്രം കെട്ടി നടക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. അതിന്‍റെ ആവര്‍ത്തനം പോലെയാണ് ആദ്യം മനസില്‍ വരികയുള്ളൂ. കേരളത്തില്‍ ഇത് നടക്കില്ലെന്ന് പറയുമ്പോള്‍ തന്നെ ഇരട്ടിയിലെ സംഭവങ്ങള്‍ ഇവിടെ തന്നെയാണ് നടന്നതെന്നും ഓര്‍ക്കണം.
സര്‍ക്കാര്‍ കോളജിലും മറ്റ് കോളജുകളിമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. അത് തടയപ്പെടുക തന്നെ വേണമെന്നും ഹരിദാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചാണ് നടന്‍ സലീം കുമാര്‍ എത്തിയത്.
താന്‍ കൂടി പങ്കെടുത്ത വര്‍ക്കല ഹാജി സി എച്ച് എം എം കോളേജിലെ വാര്‍ഷികാഘോഷത്തെ തീവ്രവാദ പ്രവര്‍ത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. 'ഞാന്‍ എന്‍റെ വീട്ടിലാണ് ഇരിക്കുന്നത്.
വീട്ടില്‍ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാല്‍ വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം' എന്നും സലിം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. 'നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം.
ആ സംഭവത്തിന്‍റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്‍ ഞാന്‍ ആണ്. എന്‍റെ ശബ്ദം കുറച്ച് പേര്‍ മാത്രമായിരിക്കും കേള്‍ക്കുക. എന്നാലും ആ കുട്ടികള്‍ക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്‍റെ പേരില്‍ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്‍ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കുക തന്നെ ചെയ്യും' - സലീം കുമാര്‍ പറഞ്ഞു.

