119 പേര്‍ക്ക് പരിക്ക് ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലും, ബാഗ്‍ലാന്‍ പ്രവിശ്യയിലുമുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 കടന്നു. ആക്രമണങ്ങളില്‍ 119 പേര്‍ക്ക് പരിക്കേറ്റു. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 

എന്നാല്‍ ബാഗ്‍ലാന്‍ പ്രവശ്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ നടക്കുമ്പോഴാണ് സ്‌ഫോടനം. ഒരാഴ്ച മുന്‍പ് വോട്ടര്‍ രജിസ്ട്രേഷന്‍ തുടങ്ങിയതിന് ശേഷം ഇതിനായി ഒരുക്കിയ കേന്ദ്രങ്ങളില്‍ ആക്രമണം പതിവാവുകയാണ്.