തിരുവന്തപുരം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടയടച്ചതില്‍ തന്ത്രി കോടതിയില്‍ മറുപടി പറയട്ടേ എന്നും കടകംപള്ളി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ നട അടയ്ക്കാനുള്ള അനുമതി ഏകപക്ഷീയമായി നല്‍കുന്നില്ല. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ളവരുമായി ബന്ധപ്പെട്ട് മാത്രമേ നടപടി എടുക്കാനാകൂ. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. 

എവിടെയും ക്ഷേത്രാരാധനയ്ക്കും മറ്റ് കാര്യങ്ങള്‍ക്കും എത്തുന്ന ഭക്തര്‍ക്കും മറ്റ് ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണ് പൊലീസ് സംവിധാനം. അത് ആക്ഷേപമായി ഉന്നയിക്കേണ്ട ആവശ്യമില്ല. ഏത് പ്രായക്കാര്‍ക്കും പോകാമെന്ന സുപ്രീംകോടതി വിധി ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് അതിനുള്ള അധികാരമുണ്ട്. അവര്‍ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ പൊലീസിനും ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.