തിരുവനന്തപുരം: ചൈനാ യാത്രക്ക് അനുമതി നിഷേധിച്ചത് പ്രോട്ടോക്കോള്‍ പ്രശ്നം കൊണ്ടെന്ന കേന്ദ്ര വിശദീകരണത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രോട്ടോക്കോള്‍ നോക്കിയല്ല വികസനകാര്യങ്ങളില്‍‍ ഇടപെടുന്നത്. ചര്‍ച്ചയില്‍ പ്രാദേശിക വികസനമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് പോകാന്‍ തീരുമാനിച്ചത് എന്നും മന്ത്രി പ്രതികരിച്ചു

ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് വിവാദമാക്കേണ്ട കാര്യമല്ലെന്നാണ് കേന്ദ്ര മന്ത്രി വി.കെ സിംഗിന്റെ വിശദീകരണം. സ്വന്തം പദവിയേക്കാള്‍ താഴെയുള്ളഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനാണ് കടകംപള്ളി ഉദ്ദേശിച്ചിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും പ്രോട്ടോക്കോള്‍ വിരുദ്ധമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്‌പോര്‍ട്ടിന് അനുമതി തേടിയത് അതിനാല്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘനമെന്ന വാദം അംഗീകരിക്കാന്‍ ആകില്ലെന്നാണ് മന്ത്രിയുടെ മറുപടി.