Asianet News MalayalamAsianet News Malayalam

''ക്രമസമാധാന പാലനത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ സംസ്ഥാനത്തിന് നേരെയുള്ള കടന്നാക്രമണം''

സന്നിധാനത്തെ സാമൂഹ്യ വിരുദ്ധര്‍ക്കുളള കേന്ദ്രമാക്കാമെന്ന് കരുതിയവര്‍ക്ക് അതിന് സാധിക്കാത്തതിലുള്ള വിഷമമാണ് ഇപ്പോഴത്തെ ജല്‍പ്പനങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. 

Kadakampally Surendran on central ministers involvement in sabarimala
Author
Thiruvananthapuram, First Published Nov 23, 2018, 4:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ക്രമസമാധാന പാലനത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ സംസ്ഥാനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരുടെ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ യഥാര്‍ത്ഥ ഭക്തര്‍ക്ക് ആശങ്കയില്ല. സന്നിധാനത്തെ സാമൂഹ്യ വിരുദ്ധര്‍ക്കുളള കേന്ദ്രമാക്കാമെന്ന് കരുതിയവര്‍ക്ക് അതിന് സാധിക്കാത്തതിലുള്ള വിഷമമാണ് ഇപ്പോഴത്തെ ജല്‍പ്പനങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. 

ഏത് കേന്ദ്രമന്ത്രി കേരളം സന്ദര്‍ശിച്ചാലും മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പരിഗണ നല്‍കുന്നവരാണ് കേരളം. അത് അവര്‍ക്കും നന്നായി അറിയാം. അവരുടെ സ്ഥാനത്തിന് യോജിച്ചതാണോ അവര്‍ ശബരിമല വിഷയത്തില്‍ ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്തെ ഇത്തരം കാര്യങ്ങളില്‍ അവര്‍ ഇടപെടാന്‍ പാടില്ലാത്തതാണ്. ബേസ് ക്യാമ്പ് പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് മാറ്റണം എന്നത് കൂട്ടായ തീരുമാനമാണ്. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി, സുപ്രീം കോടതി നിയോഗിച്ച സമിതി, ഉപദേശക സമിതി, സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് തുടങ്ങിയ ശബരിമലയുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾക്കാണ് ബിജെപി ദേശീയ നേതാക്കളും ശ്രമിക്കുന്നത്. അതിനു ഉദാഹരണമാണ് പൊൻ രാധാകൃഷ്ണന്റെ സന്ദർശനം. നാല് വശവും സിസിടിവി ക്യാമറ ഉള്ളതിനാലാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ വ്യാജ പ്രചാരണം പുറത്തുവന്നത്. പത്തനംതിട്ടയിലെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ തിരുവനന്തപുരത്ത് ഫ്ളാറ്റിന് മുന്നിലേക്ക് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വരുതിയില്‍ നിന്നില്ലെങ്കില്‍ കുടുംബത്തെ മനഃസമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ശബരിമലയില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. ഇതെല്ലാം ചെയ്യുന്നത് ആര്‍എസ്എസ്, ബിജെപി ക്രിമിനല്‍ സംഘമാണ്. പേശീ ബലം കൊണ്ട് എന്ത് കൊള്ളരുതായ്മയും ചെയ്യാമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓരോ നിയോജക മണ്ഡലത്തില്‍നിന്നും പരിശീലനം സിദ്ധിച്ച ആര്‍എസ്എസിന്‍റെ വളണ്ടിയര്‍മാര്‍ അവരുടെ അക്രമ പേക്കൂത്തിനുള്ള സ്ഥലമായി ശബരിമലയെ മാറ്റുകയാണ്. ശ്രീധരന്‍പിള്ളയോടും സംഘത്തോടും ആവശ്യപ്പെടാനുള്ളത് ശബരിമലയെ വിശ്വാസികള്‍ക്കും ഭക്തര്‍ക്കുമായി വിട്ടുകൊടുക്കണമെന്നാണ്. സുപ്രീംകോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യം മാനിച്ച് സമരങ്ങളില്‍നിന്ന് പിന്മാറണമെന്നാണ് ശ്രീധരന്‍പിളളയോട് ആവശ്യപ്പെടാനുള്ളതെന്നും കടകംപളളി പറഞ്ഞു. 

കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്തും കാണിക്കയില്‍ കുറവുണ്ടായിരുന്നു. കാണിക്ക ഇടരുതെന്നാണ് ദക്ഷിണേന്ത്യയില്‍ ഒന്നാകെ ബിജെപി ആര്‍എസ്എസ് നേതൃത്വം പ്രചാരണം നടത്തിയത്. ശബരിമലയിലെ കാണിക്ക കമ്യൂണിസ്റ്റുകാര്‍ പാര്‍ടി ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു കര്‍ണാടകയില്‍ നടത്തിയ പ്രചരണം. ഈ വര്‍ഷം നടവരവില്‍ 50 ശതമാനത്തിന്‍റെ കുറവ് വന്നിട്ടുണ്ട്. ഇത്രയും നാള്‍ ഭക്തര്‍ അക്രമികളെ പേടിച്ച് വരാതിരിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി സ്ഥിതി മാറിയിട്ടുണ്ട്. യഥാര്‍ത്ഥ ഭക്തര്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios