ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആർത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകൾ പങ്കെടുക്കും.

കോട്ടയം: ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആർത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകൾ പങ്കെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പാർലമെന്‍റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

അതേസമയം, ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മല കയറാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റ നിലപാട്. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവുമെന്നും സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡി ജി പിക്ക് റിപ്പാർട്ട് നൽകി.

ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.