തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രവിവാദത്തില്‍ സിപിഎം വിശദീകരണം തേടും. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയില്ല, മന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം പാര്‍ട്ടി തീരുമാനം അറിയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.
കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമിരോഹിണി ദിവസമാണു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിക്കുകയുമുണ്ടായി. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്കു യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
സിപിഎം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയത് സിപിഎമ്മില്‍തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.
