കൊല്ലം: കടയ്ക്കലിൽ വീട്ടമ്മയെ കുത്തിക്കൊന്ന ക്വട്ടേഷൻ സംഘം പിടിയില്‍. സംശയ രോഗത്തെത്തുടർന്ന് പിണങ്ങിക്കഴിയുന്ന ഭർത്താവ് ഷാജഹാനാണ് ഭാര്യയെ കൊല്ലാൻ വാടക ഗുണ്ടകളെ നിയോഗിച്ചത്. ബന്ധം ഒഴിയാൻ പണം വാഗ്ദാനം ചെയ്തിട്ടും വഴങ്ങാത്തനിനെ തുടർന്നാണ് 45,000 രൂപയുടെ ക്വട്ടേഷൻ നൽകിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

കഴിഞ്ഞ ദിവസം രാത്രി ഒൻപതുമണിക്ക് ശേഷമാണ് വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുകയായിരുന്ന റംലാ ബീവിയെ കുത്തിക്കൊന്നത്. മൃതദേഹത്തിന്‍റെ മുതുകിൽ കഠാര കുത്തിയിറക്കി. മുഖത്തും കുത്തുന്നതിനിടെ ഒഴിഞ്ഞ് മാറിയെങ്കിലും മുറിവേറ്റു. ഭിത്തിയിൽ തലയിടിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ തളർന്ന് വീണതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.

വീട്ടിലേക്ക് വന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. വീട്ടിൽ പ്ലമ്പിംഗ് ജോലി വല്ലതുമുണ്ടോ എന്ന് ചോദിച്ച് ഫോൺ വന്നിരുന്നു. ഇല്ലെന്ന് പറഞ്ഞ് ഫോൺ വച്ചതിന് ശേഷമാണ് അക്രമി സംഘം വീട്ടിൽ എത്തിയത്. ഇതേ നമ്പറിൽ നിന്ന് വീട്ടിലെ ഫോണിലേക്ക് നിരവധി മിസ് കോളുകൾ വന്നതായും കണ്ടെത്തി.

റംല വീട്ടിൽ ഉണ്ടോ എന്ന് ഉറപ്പിക്കാൻ നടത്തിയ ഫോൺ കോളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചടയമംഗലം സ്വദേശിയായ നവാസ്, അജി എന്നിവരാണ് കൊല നടത്തിയത്. ഇവരടക്കം നാലുപേരെ പൊലീസ് ഉടൻ തന്നെ പിടികൂടി. മരിച്ച റംലാ ബീവിയുടെ ഭർത്താവാണ്, ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

ഭർത്താവ് ഷാജഹാൻ സുഹൃത്തായ ഷംഷീർ മുഖാന്തരമാണ് 45,000 രൂപ കൈമാറിയത്. റംലാ ബീഗം ഷാജഹാനുമായി വർഷങ്ങളായി പിണക്കത്തിലാണ് ഇതു സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്. തന്റെ ജീവിതത്തിൽനിന്ന് റംലാ ബീവി ഒഴിഞ്ഞുപോകാൻ ഷാജഹാൻ പണം വാഗ്ദാനം നൽകിയെങ്കിലും വിസമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.