ബിജെപിക്ക് വീണ്ടും സഖ്യപരീക്ഷ, യോഗിയുടെ തട്ടകത്തില്‍ കൈരാന വിധിയെഴുതും
കൈരാന: കര്ണാടകയിലെ നാടകീയമായ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങള്ക്ക് ശേഷം ബിജെപിക്ക് അടുത്ത അഗ്നിപരീക്ഷ. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ ലോകസഭ, അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ബിജെപിക്ക് തലവേദനയാകുന്നത്. രണ്ടു തട്ടിലായിരുന്ന ബിഎസ്പിയും എസ്പിയും ഒരുമിച്ചതാണ് ബിജെപിയെ കുഴക്കുന്നത്. നേരത്തെ ഗൊരക്പൂര്, ഫുല്പൂര് എന്നീ ലോകസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് ബിഎസ്പി-എസ്പി ഒത്തുചേര്ന്നപ്പോള് ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞതാണ്.
കൈരാനയില് ബിജെപി എംപി ഹുക്കും സിങ്ങിന്റെയും, നൂര്പൂരില് ബിജെപി എംഎല്എ ലോകേന്ദ്ര സിങ് ചൗഹാന്റെയും മരണത്തെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയില് മലക്നൗ- ആഗ്ര എക്സ്പ്രസ് ഹൈവേയില് നടന്ന ഒരു റോഡപകടത്തിലായിരുന്നു ലോകേന്ദ്ര സിങ് മരിച്ചത്.
കൈരാന ലോകസഭ മണ്ഡലത്തിലേക്ക് ആര്എല്ഡിയുടെ തബാസും ഹസനാണ്, സമാജ് വാദി പാര്ട്ടി, ബിഎസ്പി എന്നിവയുടെ പിന്തുണയോടെ ബിജെപിക്കെതിരെ മത്സരിക്കുന്നത്. അതേസമയം മരിച്ച ഹുക്കും സിങ്ങിന്റെ മകള് മരിഗംഗ സിങ്ങിനെ തന്നെ ബിജെപി രംഗത്തിറക്കുന്നു. നൂര്പൂരില് മരിച്ച ലോകേന്ദ്ര സിങ്ങിന്റെ ഭാര്യ അവ്നിഷ് സിങ്ങിനെ തന്നെയാണ് ബിജെപി രംഗത്തിറക്കുന്നത്. നയിം ഉള് ഹസനാണ് എസ്പി സ്ഥാനാര്ഥി. നൂര്പൂരില് ബിജെപിയും എസ്പിയും തമ്മിലാണ് പ്രധാന മത്സരം. ബിഎസ്പി മണ്ഡലത്തില് മത്സരിക്കുന്നില്ല. എസ്പി സ്ഥാനാര്ഥിയെ പിന്തുണയ്ക്കുമെന്ന് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി ഏറെ കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിമാന പോരാട്ടമായി കൈരാന നൂര്പൂര് മത്സരങ്ങള് മാറും. കൈരാനയില് യോഗി തന്നെയാണ് പ്രചാരണങ്ങളിലെ താരം. യോഗി പങ്കെടുക്കുന്ന വമ്പന് റാലികളും അരങ്ങേറുന്നുണ്ട്. കര്ണാടക രാഷ്ട്രീയത്തിലെ തിരിച്ചടികളോ ബിജെപിക്കെതിരായ മറ്റ് ആരോപണങ്ങളോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തല്.
അഖിലേഷ് യാദവ് - മായാവതി കൂട്ടുകെട്ട് തന്നെയാണ് ബിജെപിയെ അലട്ടുന്ന പ്രധാന പ്രശ്നം. പ്രചാരണത്തിന്റെ ഭാഗമായി മുസഫര് നഗറില് നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില് ഉള്പ്പെട്ട നിരപരാധികളെ കുറ്റവുമുക്തരാക്കാമെന്നടക്കം പറഞ്ഞാണ് ബിജെപിയും പ്രതിപക്ഷവും വോട്ടുതേടുന്നത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ മുഹമ്മദലി ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദമാണ് പ്രതിപക്ഷ പാര്ട്ടികള് മുദ്രാവാക്യമാക്കി എടുത്തിരിക്കുന്നത്. ജിന്നാ നഹി, ഗാനാ ചലേഗ എന്നതാണ് പ്രതിപക്ഷ പാര്ട്ടികള് ഉയര്ത്തുന്ന മുദ്രാവാക്യം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് ഏറ്റവും കൂടുതല് സീറ്റ് ലഭിച്ച ഉത്തര്പ്രദേശില് ബിഎസ്പി എസ്പി സഖ്യം ഉയര്ത്തുന്ന വെല്ലുവിളി ചെറുതല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ വ്യക്തി പ്രഭാവവും മോദി എഫക്ടും കൈരാന ഉപതെരഞ്ഞെടുപ്പില് എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, രാജ്യഭരണം വരെ വിധിയെഴുതാന് പോന്ന സംസ്ഥാനത്തെ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലവും.
https://kerala.gov.in/documents/10180/900426/welfarenew
