കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ഡിജിപിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി. അന്വേഷണം സിബിഐക്ക് വിടാനുള്ള നടപടികളിലാണെന്ന ഡിജിപിയുടെ ഒറ്റവരി റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് കമ്മിഷന്‍റെ നടപടി. മണിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോഥിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അന്വേഷണം സിബിഐക്ക് വിടാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന ഒറ്റവരി റിപ്പോര്‍ട്ടാണ് ഡിജിപി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍ മണിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. കമ്മിഷന്‍റെ അടുത്ത സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു.
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും കാക്കനാട്, ഹൈദ്രാബാദ് ലാബുകളിലെ പരിശോധനാഫലങ്ങളും തമ്മില്‍ വൈരുദ്ദ്യമുണ്ടെന്നായിരുന്നു മണിയുടെ കുടുംബത്തിന്‍റെ പ്രധാന പരാതി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും കുടുംബം ആരോപിച്ചിരുന്നു.
