തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയുടെ ഫലം പുറത്ത്. മണിയുടെ സഹായികളായ ജോബി, മുരുകന്‍, പീറ്റര്‍ ഉള്‍പ്പടെ ആറുപേരെയാണ് നുണപരിശോധനയ്‍ക്കു വിധേയമാക്കിയത്. എന്നാല്‍ നുണപരിശോധനയില്‍, കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതേസമയം നുണപരിശോധനാ ഫലം അംഗീകരിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‍ണന്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് മണിയുടെ സഹായികളായ ജോബി, അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, പീറ്റര്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരത്തെ ലാബിലാണ് നുണ പരിശോധന നടത്തിയത്.