ദേശീയപാത അതോറിറ്റിയാണ് അനുമതി റദ്ദാക്കിയത്

കൊച്ചി: കളമശ്ശേരിയിൽ ദേശീയപാതയോരത്ത് ശുചിമുറികൾ നിർമ്മിക്കാൻ നഗരസഭക്ക് നൽകിയ അനുമതി ദേശീയപാത അതോറിറ്റി റദ്ദാക്കി. ഇതോടെ നാല് ശുചിമുറികളുടെ നിർമ്മാണം നിലച്ചു. റോഡരികിൽ സ്ഥലം വിട്ടുനൽകാനാവില്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം. ആയിരക്കണക്കിന് ദീർഘദൂര യാത്രക്കാർ നിരന്തരം സഞ്ചരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതയാണിത്. 

നിരവധി വിദ്യാർത്ഥികളും ജോലിക്കാരും വന്ന് പോകുന്ന എച്ച്എംടി, കുസാറ്റ് ജംങ്ഷനുകൾ. ഇടപ്പള്ളി ടോൾ ബസ് സ്റ്റോപ്പ് എന്നിവയോട് ചേർന്ന് ശുചിമുറി നിർമ്മിക്കാൻ കഴിഞ്ഞ വർഷമാണ് നഗരസഭ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റിയിൽ നിന്ന് അനുമതിയും വാങ്ങി. ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം പുരോഗമിക്കുന്പോഴാണ്, അതോറിറ്റി അനുമതി റദ്ദാക്കിയത്. 

നഗരസഭ സ്വന്തം ഭൂമിയിൽ ശുചിമുറികൾ പണിയട്ടെ എന്നാണ് അതോറിറ്റിയുടെ ഇപ്പോഴത്തെ നിലപാട്. ഒരിക്കൽ നൽകിയ അനുമതി എന്ത് കൊണ്ട് റദ്ദാക്കുന്നുവെന്നതിന് കൃത്യമായ മറുപടി നൽകാൻ എൻഎച്ച്എഐ തയ്യാറാകുന്നില്ല.