Asianet News MalayalamAsianet News Malayalam

എന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചതാര്? മാപ്പ് അല്ല, മറുപടിയാണ് വേണ്ടത്: കലേഷ്

കലേഷിന്റെ കവിതയാണ് ദീപ നിശാന്തിന്റെ പേരിൽ എകെപിസിടിഎ ജേർണലിൽ പ്രസിദ്ധീകരിച്ച് വന്നത്. കവിത തന്റെതാണെന്ന് കലേഷ് പറഞ്ഞതോടെയാണ് മോഷണ വിവാദം തലപൊക്കിയത്

Kalesh Som reacts on deepa nisanth and sreechithran
Author
Thiruvananthapuram, First Published Dec 1, 2018, 2:18 PM IST

തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തിൽ ദിപാ നിശാന്തും ശ്രീചിത്രനും മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പ്രതികരണവുമായി യുവ കവി കലേഷ് രംഗത്ത്. മാപ്പ് അല്ല, മറുപടിയാണ് തനിക്ക് വേണ്ടതെന്ന് കലേഷ് ഫേസ്ബുക്കിൽ കുറിച്ചു. 'ആരാണ് എന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു' ഇങ്ങനെയാണ് കലേഷ് കുറിച്ചത്. കലേഷിന്റെ കവിതയാണ് ദീപ നിശാന്തിന്റെ പേരിൽ എകെപിസിടിഎ ജേർണലിൽ പ്രസിദ്ധീകരിച്ച് വന്നത്. കവിത തന്റെതാണെന്ന് കലേഷ് പറഞ്ഞതോടെയാണ് മോഷണ വിവാദം തലപൊക്കിയത്.

ദീപ നിശാന്തിന്റെ വിശദീകരണ കുറിപ്പ്

ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്കാരത്തെക്കുറിച്ചോ ഞാൻ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകൾ മാത്രമാണെന്നും കേൾമ്പോഴും എനിക്കതിൽ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും. അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്. 
പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ.

ഞാനെഴുതിത്തുടങ്ങിയതു മുതൽ ഇന്നു വരെയും എന്നെ പ്രോൽസാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകർ മുതൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്സ് അടക്കം അനേകം മനുഷ്യർ. അവരുടെ ഊർജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്.അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.' ഇപ്പോൾ 'എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിൻ്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിൻ്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. . ഞാൻ കവിത അപൂർവ്വമായി എഴുതാറുണ്ടെങ്കിൽ പോലും കവിതയിൽ ജീവിക്കുന്ന ഒരാളല്ല. സർവവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.


ശ്രീചിത്രന്റെ വിശദീകരണ കുറിപ്പ്

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയിൽ അകപ്പെട്ട പ്രതീതിയിൽ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിർത്തുന്നു.


സ്ഥിരമായി കവിതാസംവാദങ്ങൾ നടക്കുന്ന മുൻപുള്ള സമയത്ത് പലർക്കും കവിതകൾ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്ര മേൽ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതിൽ നിന്നൊരു കവിതയിപ്പോൾ ഒരു സർവ്വീസ് മാഗസിനിൽ വരാനും, അതിൽ തട്ടിത്തടഞ്ഞ് ഒടുവിൽ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതിൽ ആരെയും അധിക്ഷേപിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കിടയിൽ അയക്കപ്പെട്ട ഒരു കവിത, കാലങ്ങൾക്കു ശേഷം ഒരു സർവ്വീസ് മാഗസിനിൽ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ല, അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല - കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോൾ സ്പഷ്ടമായി പറയാൻ ഞാൻ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തിൽ ആർക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകൾക്ക് മുന്നിൽ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാൾ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലൻസും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാൻ കലേഷിനോട് മാപ്പു പറയുന്നു.

ഇന്നലെ വരെ പുകഴ്ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് - ഇന്നലെയും ഇന്നും ഞാൻ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലിൽ തുടച്ചും ഇടം കാലിലെ ചളി വലം കാലിൽ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകൾ എണ്ണാൻ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്. നാമോരോരുത്തർക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാൽ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകൾക്ക് തയ്യാറാവുന്ന, പലതരം അപകർഷങ്ങളിൽ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യൻ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാൽ തന്നെ, എത്ര പുകഴ്ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂർണ്ണമായും പോയതിനു ശേഷമുള്ള പ്രവർത്തനവും കാലവുമാണ് ഇന്ന് കേരളം വർഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊർജം നൽകിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസമായി തെരുവുകളിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിർവഹിക്കപ്പെട്ടു. കൂടെച്ചേരാൻ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിെനാപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തിൽ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തിൽ അവയെല്ലാം തകരുന്നെങ്കിൽ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തിൽ മറ്റനേകം പഴയ കാര്യങ്ങൾ വീണ്ടും പൊങ്ങി വന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അർദ്ധസത്യങ്ങളും നുണകളും കലർന്നൊരു സത്യാനന്തര ലോകത്ത് ആ ചർച്ചകൾക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉൾപ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എൽപ്പിക്കുന്ന ആഘാതങ്ങൾ നേരിടുന്നു. സന്ദർഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആർപ്പുവിളികൾ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാൽ ഇപ്പോഴും ഇക്കാര്യത്തിൽ ഏറ്റവും ആത്മാർത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കൽക്കൂടി മാപ്പു പറയുന്നു.

Follow Us:
Download App:
  • android
  • ios