മുംബൈ: കല്യാണില്‍ നാല് ഗണേശോത്സവ് മണ്ഡല്‍ പ്രവര്‍ത്തകര്‍ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു.ഗണേശോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ നോക്കി നില്‍ക്കവെയായിരുന്നു സംഭവം.

നിതീന്‍ ഡോണ്ടു ദങ്കല്‍ എന്ന സബ് ഇന്‍സ്‌പെക്ടറെയാണ് യുവാക്കള്‍ കൊല്ലാന്‍ ശ്രമിച്ചത്. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്ന സമയത്ത് തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ വരി തെറ്റിച്ച പ്രവര്‍ത്തകരെ പൊലീസുകാരന്‍ ശാസിച്ചു. ഇതില്‍ രോഷാകുലരായ യുവാക്കളാണ് പരിപാടി അവസാനിച്ച ശേഷം പൊലീസുകാരനെ കുളത്തില്‍ മുക്കികൊല്ലാന്‍ ശ്രമം നടത്തിയത്. 

രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസുകാരനെ യുവാക്കള്‍ ചേര്‍ന്ന് വീണ്ടും വെള്ളത്തില്‍ മുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.പൊലീസുകാരന്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. സംഭവ ശേഷം ഒളിവിലായ യുവാക്കള്‍ക്കെതിരെ കോല്‍സെവാഡി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. 

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. രണ്ടാഴ്ചക്കുള്ളില്‍ പൊലീസുകാര്‍ക്കു നേരെ 7 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.