അന്തരിച്ച ജയലളിതയ്‍ക്ക് കമല്‍ഹാസന്‍ ആദരാഞ്ജലി അര്‍പ്പിച്ചത് ദ്വയാര്‍ഥത്തിലെന്ന് ആക്ഷേപം. ജയയുടെ ഒപ്പമുള്ളവരോട് അനുതാപം രേഖപ്പെടുത്തുന്നു എന്ന ട്വീറ്റാണ് ആക്ഷേപത്തിന് ഇടയായത്. ജയയുടെ അനുയായികളെ കുറിച്ച് ദു:ഖമുണ്ടെന്ന ധ്വനിയാണ് ട്വീറ്റില്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ട്വീറ്റ് ചെയ്യുന്നു. കമലും ജയയും തമ്മിലുള്ള വിരോധമാണ് ട്വീറ്റിലൂടെ വെളിവാകുന്നതെന്നും ചിലര്‍ പറയുന്നു.

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്‍ക്കു തമിഴ്നാട്ടില്‍ പ്രദര്‍ശനാനുമതി നല്‍കാതിരുന്നത് ജയലളിതയുടെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. സിനിമ സംസ്ഥാനത്ത് നിരോധിച്ചാല്‍ താന്‍ രാജ്യം വിടുമെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.