നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ട അമേരിക്ക ഇപ്പോൾ ചർച്ചകൾക്കായി സന്ദേശങ്ങൾ അയക്കുന്നത് അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക സന്ദേശങ്ങൾ അയക്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗിക ചർച്ചയല്ലെന്നും സന്ദേശ കൈമാറ്റം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഹ്റാൻ: ഇറാനെതിരെ 'നിരുപാധിക കീഴടങ്ങൽ' എന്ന കർശന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോൾ ചർച്ചകൾക്കായി വാദിക്കുന്നത് അവരുടെ പരാജയസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ബുധനാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷന് (ഐആർഐബി) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാഷിംഗ്ടണിന്‍റെ നിലപാടിലെ മാറ്റത്തെ പരിഹസിച്ചത്. നേരത്തെ നിരുപാധികമായി കീഴടങ്ങണമെന്ന് ആജ്ഞാപിച്ചവർ ഇപ്പോൾ എന്തിനാണ് ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക ഒന്നിലധികം സന്ദേശങ്ങൾ ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ടെന്ന് അരാഗ്‌ചി വെളിപ്പെടുത്തി. എന്നാൽ ഇത് ഔദ്യോഗികമായ ചർച്ചകളോ സംവാദങ്ങളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സന്ദേശങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ നിലപാടുകളും മുന്നറിയിപ്പുകളും അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ആശയവിനിമയങ്ങൾ സന്ദേശങ്ങളുടെ കൈമാറ്റം മാത്രമാണെന്നും ഇതിനെ ചർച്ചകളായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദേശങ്ങളിലെ ആശയങ്ങൾ ഇറാന്‍റെ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 15 ഇന കർമ്മപദ്ധതി ഇറാൻ ഉടൻ അംഗീകരിച്ചില്ലെങ്കിലും ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്. എന്നാൽ ഇതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെയും അരാഗ്‌ചി രൂക്ഷവിമർശനം ഉന്നയിച്ചു. അമേരിക്കൻ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ വിജയകരമായ ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്ത് ട്രംപിനെ കാണിക്കുന്നുവെന്ന എൻബിസി റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ ജനതയെയും സ്വന്തം പ്രസിഡന്‍റിനെയും തെറ്റിദ്ധരിപ്പിച്ച് യുദ്ധം 'വിൽക്കാനാണ്' വാഷിംഗ്ടൺ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘർഷം രൂക്ഷമായി തുടരുമ്പോഴും അമേരിക്കയുടെ സമാധാന വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന വ്യക്തമായ സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.