ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരങ്ങളായ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള കമലിന്‍റെ പ്രതികരണമാണ് പുതിയ വാര്‍ത്ത. തെരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് ഉടന്‍ പ്രവേശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി കമല്‍ രംഗത്തെത്തിയത്. രജനീകാന്ത് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു.

തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ എന്നതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഈ വിഷയത്തില്‍ രജനി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കാലം മറുപടി തരുമെന്നായിരുന്നു രജനി സാര്‍ പറഞ്ഞത്. ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ശരിക്കും കാലമാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. അതൊരിക്കലും ഇപ്പോള്‍ എടുത്തു ചാടി തീരുമാനിക്കാന്‍ പറ്റുന്നതല്ല'' ആനന്ദവികടന്‍ എന്ന തമിഴ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ പറഞ്ഞു.

ഈ മാസം 21നാണ് കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ തന്റെ രാഷ്ട്രീയ യാത്രയ്ക്ക് ആരംഭം കുറിക്കുന്നത്. കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഈ ദിവസം പ്രഖ്യാപിക്കുമെന്നാണ് സൂചന.