നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം വന്നതിന് പിന്നാലെ  ഇത് പുതിയ തുടക്കത്തിന്‍റെ അടയാളമാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ചെന്നൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തീർച്ചയായും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍. ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പിൽ ഞാൻ ശക്തമായി തന്നെ പോരാടും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി ഉടൻ തന്നെ കൂടും- കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് പാർട്ടി ഊന്നൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സഖ്യകക്ഷി രൂപീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം വന്നതിന് പിന്നാലെ ഇത് പുതിയ തുടക്കത്തിന്‍റെ അടയാളമാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.മുമ്പ് തന്റെ അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ 'മക്കള്‍ നീതി മയ്യം' തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് താരം പ്രഖ്യാപിക്കുകയുണ്ടായി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' അഥവാ 'പീപ്പിള്‍ ജസ്റ്റിസ് സെന്റര്‍' പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് അന്നുമുതല്‍ക്ക് തന്നെ താരം വ്യക്തമാക്കിയിരുന്നു.