കലൈഞ്ജരുടെ മരണവിവരം പുറത്തുവന്നയുടന്‍ അദ്ദേഹം ദില്ലിയില്‍ മുന്‍നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കുകയായിരുന്നു

തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ മരണവിവരം പുറത്തുവന്ന സമയത്ത് കമല്‍ഹാസന്‍ തമിഴ്‍നാട്ടില്‍ ഉണ്ടായിരുന്നില്ല. ഈ മാസം പത്തിന് തീയേറ്ററുകളിലെത്താനിരിക്കുന്ന തന്‍റെ ചിത്രം വിശ്വരൂപം 2ന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു കമല്‍. എന്നാല്‍ കലൈഞ്ജരുടെ മരണവിവരം പുറത്തുവന്നയുടന്‍ അദ്ദേഹം മുന്‍നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കുകയായിരുന്നു. വൈകാതെ അദ്ദേഹം ചെന്നൈയിലെത്തി കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കും.

ഒരു രാഷ്ട്രീയനേതാവായി തിരിച്ചറിയുന്നതിനേക്കാള്‍ മുന്‍പേ തനിക്ക് കരുണാനിധി എന്ന എഴുത്തുകാരനെ അറിയാമായിരുന്നെന്ന് കമല്‍ പറഞ്ഞു. ഞങ്ങള്‍ അഭിനേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ കരുണാനിധിയുടേതാണ്. എഴുത്തില്‍ ഭാഷയുടെ ഒഴുക്കുണ്ടായിരുന്നു അദ്ദേഹത്തിന്. തമിഴകത്തിന് ഒരു നേതാവിന്‍റെ അഭാവമുണ്ടായിരുന്നു. ആ ഒഴിവാണ് കരുണാനിധി എന്ന നേതാവ് നികത്തിയത്. കമല്‍ഹാസന്‍ പറഞ്ഞു.

വിശ്വരൂപം 2ന് ശേഷം സിനിമാജീവിതം ഭാഗികമായി അവസാനിപ്പിക്കാനിരിക്കുകയാണ് താനെന്ന സൂചനയാണ് കമല്‍ഹാസന്‍ ഇപ്പോള്‍ നല്‍കുന്നത്. മുന്‍പേ ചെയ്യാമെന്നേറ്റ ചില പ്രോജക്ടുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വിശ്വരൂപം 2 തന്‍റെ അവസാനചിത്രം ആവുമായിരുന്നെന്ന് കമല്‍ ഈയിടെ പറഞ്ഞിരുന്നു.